പ്രളയം - നാൾവഴി

  • മേയ് 16

    2018

    തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവചനങ്ങളുടെ അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ,ദുരന്തനിവാരണവകുപ്പ് അഡീ.ചീഫ് സെക്രട്ടറിയുടെ (സംസ്ഥാന റിലീഫ് കമ്മീഷണര്‍) അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേര്‍ത്തു.

    • വകുപ്പുതലവന്മാരും എല്ലാ ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു. അതിന്‍റെ അടിസ്ഥാനത്തില്‍ മെയ് 28 ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ജില്ലകള്‍ക്കും 46 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ നല്‍കി.
    • സംസ്ഥാന, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍ (ഇ.ഒ.സി) 24 മണിക്കൂറും (24ത7) പ്രവര്‍ത്തനം ആരംഭിച്ചു.
    • ജില്ലാതല എമര്‍ജന്‍സി ഓപറേഷന്‍സ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
  • മേയ് 29

    2018

    കേരളത്തിലെ മണ്‍സൂണ്‍ മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പ്രഖ്യാപിച്ചു

  • ജൂണ് 2

    2018

    രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി തീരദേശ മേഖലയില്‍ ജീവിക്കുന്ന ദുരന്തബാധിതരായവര്‍ക്ക് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. (2/06/2018 ലെ ജിഒ (എംഎസ്) നം. 6/2018/ഡി.എം.ഡി.) കടല്‍ക്ഷോഭംമൂലം വീടുകളും മറ്റ് ജീവനോപാധികളും നഷ്ടമായ തീരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതാണ് പദ്ധതി.

    • ഈ പദ്ധതി പ്രകാരം മൂന്ന് മുതല്‍ അഞ്ച് സെന്‍റ് സെന്‍റുവരെ ഭൂമി വാങ്ങാന്‍ പരമാവധി ആറ് ലക്ഷം രൂപയും വേലിയേറ്റസമയത്ത് കടല്‍ എത്തുന്നതില്‍നിന്നും 50 മീറ്റര്‍ മാറി വീടുവയ്ക്കാന്‍ നാല് ലക്ഷം രൂപയും അനുവദിക്കും.
    • ഇതേ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ തീരദേശ ജില്ലയിലെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മുന്‍കൂറായി 50 ലക്ഷം രൂപ അനുവദിച്ചു.
  • ജൂണ് 7

    2018

    ജൂണ്‍ ഏഴ് മുതല്‍ 11 വരെ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാര്‍, സെന്‍ട്രല്‍ ആംഡ് ഫോഴ്സസ്, ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററുകള്‍, മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ തുടങ്ങിയവരുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലൂടെയും അച്ചടി, ഓഡിയോ, ദൃശ്യമാധ്യമങ്ങളിലൂടെയും പൊതു അറിയിപ്പുകള്‍ വിതരണം ചെയ്തു. അതോറിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഈ അറിയിപ്പ് പ്രചരിപ്പിച്ചു.

  • ജൂണ് 9,10

    2018

    കനത്ത മഴയ്ക്ക് സാധ്യതയുള്ള മുന്നറിയിപ്പും മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൃത്യമായ ഇടവേളകളില്‍ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയിലൂടെയും അച്ചടി, ശ്രാവ്യ, ദൃശ്യമാധ്യമങ്ങളിലൂടെയും നല്‍കി.

  • ജൂണ്‍ 11

    2018

    മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ദുരന്തത്തിന്‍റെ തീവ്രത കുറയ്ക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

  • ജൂണ്‍ 14

    2018

    കോഴിക്കോട് കട്ടിപ്പാറയില്‍ മണ്ണിടിച്ചില്‍ - 14 പേര്‍ മരിച്ചു.

    • ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ കോഴിക്കോട്, കട്ടിപ്പാറയിലേക്ക് പോകാന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ നിര്‍ദേശിച്ചു.
    • കാലവര്‍ഷം ശക്തമായിക്കൊണ്ടിരുന്നപ്പോള്‍ നിലവിലുള്ള രണ്ട് ടീമുകള്‍ക്ക് പുറമേ എന്‍ഡിആര്‍എഫ് ഒരു പുതിയ ടീമിനെ കേരളത്തിലേക്കയക്കണമെന്ന് ആവശ്യപ്പെട്ടു.
    • കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പൊതുജനത്തിനായുള്ള നിര്‍ദിഷ്ട സന്ദേശങ്ങളും നല്‍കി.
  • ജൂണ്‍ 15

    2018

    മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോി യോഗം ചേരുകയും മുന്‍കരുതലുകള്‍ വിലയിരുത്തുകയും ചെയ്തു. ജില്ലാ കളക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളില്‍ ദുരന്തനിവാരണത്തിനുള്ള വിവിധ നടപടികളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. .

  • ജൂണ്‍ 21

    2018

    സംസ്ഥാനത്തുടനീളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുള്ള കുറഞ്ഞ ദുരിതാശ്വാസ സഹായത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവ താഴെക്കൊടുക്കുന്നു:

    • 75% തകരാറുകളുള്ള വീടുകളാണ് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കിയ വീടെന്ന് നിര്‍വചിക്കപ്പെടുന്നത്. ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കിയതോ പൂര്‍ണമായും തകര്‍ന്നതോ ആയ വീടുകള്‍ക്ക് നാല് ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്.
    • വീട് താമസയോഗ്യമല്ലാത്ത സ്ഥലത്തായിരിക്കുകയും അവന്‍റെ/അവളുടെ പേരില്‍ കേരളത്തില്‍ ഒരിടത്തും ഭൂമി ഇല്ലാതിരിക്കുകയും ചെയ്താല്‍ പുതിയ സ്ഥലം വാങ്ങാന്‍ ഉടമസ്ഥന് പരമാവധി ആറ് ലക്ഷം രൂപവരെ നല്‍കും. .
    • കാര്‍ഷിക നഷ്ടം സംബന്ധിച്ച നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് 12 കോടി രൂപ അനുവദിച്ചു.
    • ദുരന്തത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് പകരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
  • ജൂലൈ 16

    2018

    വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ കളക്ടര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടുകയും ദുരന്തത്തെ യുദ്ധകാലാടിസ്ഥാനത്തിലുള്ള നേരിടാന്‍ എല്ലാ ശ്രമങ്ങളും നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു.

  • ജൂലൈ 18

    2018

    ജൂലൈ 20 മുതല്‍ 22 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായ മുന്നറിയിപ്പ്

    • കേരളത്തിലെ പല സ്ഥലങ്ങളിലും റെക്കോഡ് മഴയായിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലെ ജലനിരപ്പ് ഉയര്‍ന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റി.
    • കേരളതീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പ് നല്‍കി.
    • റഡാര്‍ സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ചുകൊണ്ട് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ നിരന്തരം ശേഖരിക്കുന്നതിന് ഇസ്രോ, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്‍റര്‍ (എന്‍ആര്‍എസ്.സി) എന്നിവരോട് അഭ്യര്‍ഥിച്ചു.
  • ജൂലൈ 19

    2018

    ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതര്‍ക്ക് 1000 രൂപയുടെ സഹായധനം നേരിട്ട് നല്‍കാന്‍ ഉത്തരവായി.

  • ജൂലൈ 21

    2018

    കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും കേന്ദ്ര ടൂറിസം സഹമന്ത്രിയും വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദേശീയ ദുരന്തനിവാരണ ഫണ്ട് മാനദണ്ഡ പ്രകാരം പ്രാരംഭ മെമ്മോറാണ്ടം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.

  • ജൂലൈ 22

    2018

    ജൂണ്‍ 26വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ ആലപ്പുഴ ജില്ല സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

  • ജൂലൈ 23

    2018

    വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളില്‍ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ്, ഇന്ത്യന്‍ നേവി ടീമുകള്‍ വിന്യസിക്കപ്പെട്ടു.

    • ആവശ്യാനുസരണം പാചകവാതകം ലഭ്യമാക്കാന്‍ ഐഒസി, ബിപിസിഎല്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    • മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ദുരിതബാധിത ജില്ലകളിലെ കലക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയും 14 നടപടി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
  • ജൂലൈ 26

    2018

    കത്തിലൂടെ കാലാവസ്ഥ പ്രവചനവും ബന്ധപ്പെട്ട രേഖകളും ദിവസേന ലഭ്യമാക്കാന്‍ കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ റഡാര്‍ സെന്‍ററിനോട് നിര്‍ദ്ദേശിച്ചു.

  • ജൂലൈ 27

    2018

    ഇടുക്കി ഡാമിലെ ജലനിരപ്പ് മുഖ്യമന്ത്രി അവലോകനം ചെയ്യുകയും വിവിധ വകുപ്പുകള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുകയും ചെയ്തു.

  • ജൂലൈ 28

    2018

    ഇടുക്കി റിസര്‍വോയറിലുള്ള ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കേണ്ടിവന്നാല്‍ വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ സാറ്റലൈറ്റ് ഇമേജുകള്‍ ഇടുക്കി, തൃശൂര്‍, എറണാകുളം എമര്‍ജന്‍്സി ഓപറേഷന്‍സ് സെന്‍ററുകള്‍ക്ക് ജൂലൈ 28ന് നല്‍കി. 2013 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി വേഗത്തില്‍ നടത്തിയ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

  • ജൂലൈ 29

    2018

    ജൂലൈ 29 മുതല്‍ ആഗസ്റ്റ് ഒന്ന് വരെ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ളതായ മുന്നറിയിപ്പ്.

    • ഇ-മെയില്‍ സന്ദേശത്തിലൂടെ ദുരിന്തനിവാരണ നടപടികള്‍ക്ക് സായുധസേനയുടെ സഹായം ആവശ്യംവന്നേക്കാമെന്നും തയ്യാറായി ഇരിക്കണമെന്നും അറിയിച്ചു. എംഐ 17 ഹെലികോപ്ടറും എഎല്‍എച്ച് ഹെലികോപ്ടറും അടിയന്തരമായി പുറപ്പെടാന്‍ സജ്ജമാക്കി നിര്‍ത്തണമെന്നും അഭ്യര്‍ഥിച്ചു.
    • ഇ-മെയില്‍ സന്ദേശത്തിലൂടെ പ്രതിസന്ധികാലത്ത് എല്ലാ മൊബൈല്‍ ഫോണ്‍ ടവറുകളും പ്രവര്‍ത്തിക്കണുമെന്നും ആവശ്യമായ ഇന്ധനം സംഭരിച്ചുവയ്ക്കാനും ആവശ്യാനുസരണം വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ടിഇആര്‍എം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിനോട് പ്രത്യേകം നിര്‍ദേശിച്ചു.
    • ഇ-മെയില്‍ സന്ദേശത്തിലൂടെ ദേശീയ ദുരന്തനിവാരണ സേനയുടെ ഓരോ ടീമിനെവീതം ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്ക് അയയ്ക്കുന്നതിന് തയാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
    • ഇ-മെയില്‍ സന്ദേശത്തിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് നല്‍കണമെന്ന് ഓള്‍ ഇന്ത്യ റേഡിയോ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അതോറിറ്റിയില്‍ നിന്നുള്ള എല്ലാ മുന്നറിയിപ്പുകളും സന്ദേശങ്ങളും ഓള്‍ ഇന്ത്യ റേഡിയോയിലേക്ക് ഇമെയില്‍ വഴിയും വാട്സ്ആപ്പ് വഴിയും അയച്ചിരുന്നു.
    • പെരിയാര്‍ നദി, പാലങ്ങള്‍, കലുങ്കുകള്‍ എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികളും ജനങ്ങളും പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററിനോട് പ്രത്യേകം നിഷ്കര്‍ഷിച്ചു.
    • കുട്ടനാട്ടിലും ആലപ്പുഴയിലെ പ്രളയ ബാധിത പ്രദേശങ്ങളിലും വന്‍തോതില്‍ ബയോടോയ്ലറ്റുകള്‍ എത്തിച്ചു.
  • ജൂലൈ 30

    2018

    മുന്‍കൂട്ടി നിശ്ചയിച്ച വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇടുക്കി, എറണാകുളം ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററുകള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പദ്ധതികളും ചെക്ക്ലിസ്റ്റുകളും നല്‍കി.

    • വൈദ്യസഹായത്തിന് ആവശ്യമായി വരുന്ന മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററുകള്‍ക്ക് പ്രത്യേക അറിയിപ്പ്.
    • ആഗസ്റ്റ് ഒന്ന് വരെ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി.
  • ജൂലൈ 31

    2018

    ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ തകര്‍ന്ന ബണ്ടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ എട്ട് വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കുകയും ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

  • ആഗസ്റ്റ് 3

    2018

    റവന്യൂ, ദുരന്ത നിവാരണവകുപ്പ് മന്ത്രി ആലപ്പുഴ ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

    • ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുകയാണെങ്കില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍' ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.
    • പത്തനംതിട്ട, നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കാവുംഭാഗം വില്ലേജുകള്‍ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു.
  • ആഗസ്റ്റ് 5

    2018

    ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്യുകയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൂടുതല്‍ ഫലപ്രദമായ ദുരിതാശ്വാസ നടപടികള്‍ കൈകൊള്ളാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു

  • ആഗസ്റ്റ് 7

    2018

    പ്രളയക്കെടുതി വിലയിരുത്താനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങിയ കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം ആരംഭിച്ചു. ആഗസ്റ്റ് 11 വരെ സംഘത്തിന്‍റെ സന്ദര്‍ശനം നീണ്ടുനിന്നു.

  • ആഗസ്റ്റ് 8

    2018

    പകോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും പ്രളയം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില മേഖലകളില്‍ വ്യാപകമായ ഉരുള്‍ പൊട്ടലും വെളള പൊക്കവും ഉണ്ടായി. എറണാകുളത്ത് ആലുവാ ഭാഗത്ത് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു.

    • ആഗസ്റ്റ് എട്ട് മുതല്‍ ആഗസ്റ്റ് ഒന്‍പത് വരെ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി.
  • ആഗസ്റ്റ് 9

    2018

    മണ്ണിടിച്ചിലിന്‍റെ ആദ്യറിപ്പോര്‍ട്ട് വയനാട് നിന്നും പുലര്‍ച്ചെ രണ്ടിന് പ്രതിസന്ധി ലെവല്‍ മൂന്നിലേക്ക് കടന്നതായി സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍സ് സെന്‍റര്‍ വിജ്ഞാപനം. തുടര്‍ന്ന് ദേശീയ സേനകളുടെ സഹായം ആവശ്യപ്പെട്ടു.

    • ആഗസ്റ്റ് ഒന്‍പതിനു പുലര്‍ച്ചെ 2.38 ന് കോഴിക്കോട്, വയനാട് ജില്ലകളിലേക്ക് നീങ്ങാന്‍ എന്‍ഡിആര്‍എഫിന് നിര്‍ദ്ദേശം.
    • രാവിലെ 6.46 ന് ഇടുക്കി, വയനാട് ജില്ലകളിലേക്ക് നീങ്ങാന്‍ ഓരോ കമ്പനി കരസേനയ്ക്ക് നിര്‍ദ്ദേശം.
    • രാവിലെ 7.11 ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് നീങ്ങാന്‍ ഓരോ കമ്പനി കരസേനയ്ക്ക് നിര്‍ദേശം.
    • രാവിലെ 8.05 ന് കരസേനയുടെ എന്‍ജിനീയറിങ് ടാസ്ക്ഫോഴ്സിന് വടക്കന്‍ കേരളത്തിലേക്ക് നീങ്ങാന്‍ നിര്‍ദ്ദേശം. കോഴിക്കോട് വിമാനത്താവളം ബെയ്സ് ക്യാമ്പാക്കാന്‍ അനുമതി.
    • രാവിലെ 9.58 ന് വയനാട് ജില്ലയില്‍ ആകാശമാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ വ്യോമസേനയ്ക്ക് നിര്‍ദേശം.
    • രാവിലെ 10ന് മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം
    • രാവിലെ 10.09 ന് തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും കൂടുതല്‍ എന്‍ഡിആര്‍എഫിനെ വ്യോമമാര്‍ഗം അയക്കാനും വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,പാലക്കാട്, ഇടുക്കി ജില്ലകളില്‍ നിയോഗിക്കാനും നിര്‍ദേശം.
    • രാവിലെ 10.11 ന് ഇന്ത്യന്‍ നേവിയോട് സഹായം ആവശ്യപ്പെട്ടു.
    • രാവിലെ 10.41 ന് ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലേക്ക് കൂടുതല്‍ കരസേനയുടെ സഹായം ആവശ്യപ്പെട്ടു.
    • രാവിലെ 10.55 ന് ആരക്കോണത്തുനിന്നുള്ള എന്‍ഡിആര്‍എഫിനോട് വയനാടും ബംഗലൂരു നിന്നുള്ള കരസേന എന്‍ജിനീയറിങ് വിഭാഗത്തോട് കോഴിക്കോടും ആകാശമാര്‍ഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടു.
    • കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്.
    • കാലവര്‍ഷക്കെടുതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
    • കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു.
    • വൈകിട്ട് 7.15ന് സ്ഥിതിവിശേഷം മുഖ്യമന്ത്രി അവലോകനം ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടേറിയേറ്റില്‍ കോര്‍ഡിനേഷന്‍ സെല്‍ ആരംഭിച്ചു. സംസ്ഥാന റിലീഫ് കമ്മിഷണര്‍ ചെയര്‍മാനായ ഈ സെല്ലില്‍ റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേവനങ്ങള്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേന, കരസേന, നാവികസേന, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുതുടങ്ങി.
    • അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ സെക്രട്ടേറിയറ്റില്‍ വെള്ളപ്പൊക്ക മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി.
  • ആഗസ്റ്റ് 10

    2018

    എന്‍ഡിആര്‍എഫിന്‍റെ രണ്ടുവീതം ടീമുകളെ കൊച്ചിയിലേക്കും തൃശൂരിലേക്കും അയക്കാന്‍ അഭ്യര്‍ഥിച്ചു. പ്രളയസാധ്യതകളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ എടുക്കാനും തുടര്‍ച്ചയായി അതിന്‍റെ ഭൂപടം ലഭ്യമാക്കാനും നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്‍ററിനോട് ആവശ്യപ്പെട്ടു.

    • ജനങ്ങളെ ഒഴിപ്പിക്കുമ്പോള്‍ ഭിന്നശേഷിക്കാരായവര്‍ക്ക് പ്രത്യേകശ്രദ്ധ നല്‍കണമെന്ന് സാമൂഹികനീതി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം.
    • കുട്ടനാട് പുനരധിവാസത്തിന്‍റെ രണ്ടാംഘട്ടം സംബന്ധിച്ച് വിശദമായ പാക്കേജ് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
    • ആലപ്പുഴയില്‍ വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയുന്നതിനുള്ള സംവിധാനം സ്ഥാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തി
    • വെള്ളപ്പൊക്കത്താല്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായ അക്കാദമിക് ദിനങ്ങള്‍ക്കും പഠനോപകരണങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
    • പ്രളയബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ ജല ആംബുലന്‍സുകള്‍ ലഭ്യമാക്കാന്‍ ജലഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടു.
    • വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ബില്‍ അടയ്ക്കുന്ന അവസാന തീയതിയില്‍ ഇളവ് നല്‍കാന്‍ വൈദ്യുതി, ജലവിഭവ വകുപ്പുകളോട് ആവശ്യപ്പെട്ടു.
    • ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്, ധന, റവന്യൂ വകുപ്പുകളോട് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കാനും കാര്‍ഷിക വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം.
    • പ്രളയ ബാധിതരായ ജനങ്ങള്‍ക്ക് പൊതുമേഖല-സഹകരണ ബാങ്കുകളിലൂടെ വായ്പ നല്‍കാന്‍ ധന-സഹകരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം.
    • പാമ്പ് കടിയേറ്റ കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ആന്‍റിവെനവും ആവശ്യാനുസരണം എത്തിക്കാന്‍ ആരോഗ്യ-കുടുംബക്ഷേമവകുപ്പിനോട് നിര്‍ദേശിച്ചു.
    • ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പുകളും ഒരു പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ആയിരിക്കും നോഡല്‍ ഓഫീസര്‍.
    • പകര്‍ച്ചവ്യാധികള്‍ ഉയര്‍ന്നുവരികയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുകയും ആയതിന് ആവശ്യമായ ഫണ്ടുകള്‍ അനുവദിക്കുകയും വേണം.
    • പെരിയാറിന്‍റെ തീരങ്ങളില്‍ പോകുകയോ, പെരിയാര്‍ മറികടക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
    • വയനാട് - ഏറ്റവും വലിയ കനത്ത മഴ കാരണം റെഡ് അലര്‍ട്ട് ഓഗസ്റ്റ് 14 വരെ. ഇടുക്കി - വലിയ കനത്ത മഴ കാരണം റെഡ് അലര്‍ട്ട് ഓഗസ്റ്റ് 13 വരെ. ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് - റെഡ് അലര്‍ട്ട് - കനത്ത മഴയെ തുടര്‍ന്ന് ഓഗസ്റ്റ് 11 വരെ.
    • മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ മേധാവികളും യോഗംചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മുഖ്യമന്ത്രി സ്പെഷ്യല്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
    • പൗര്‍ണമിക്കുശേഷമുള്ള വേലിയേറ്റത്താല്‍ കരയിലേക്ക് വരുന്ന ജലത്തിന്‍റെ അളവ് വര്‍ധിക്കുമെന്നതിനാല്‍ ഓഗസ്റ്റ് 11 മുതല്‍ 15 വരെ കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
  • ആഗസ്റ്റ് 11

    2018

    മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഹെലികോപ്റ്ററില്‍ ഇടുക്കി, വയനാട്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇടുക്കിയില്‍ കാലവസ്ഥ മോശമായിരുന്നതുകാരണം ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കാത്തതുകാരണം വ്യോമനിരീക്ഷണം ആണ് നടത്തിയത്. ഉച്ചയ്ക്ക് 2.30 ന് എറണാകുളത്ത് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആലുവാ, പറവൂര്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ആലുവ പ്രിയദര്‍ശിനി ഹാളില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം കൂടി. എം.പി മാരും എം.എല്‍.എ മാരും യോഗത്തില്‍ പങ്കെടുത്തു.

    • വിവിധ റിസര്‍വോയറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിച്ചു.
    • ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചതെങ്കിലും ഇടുക്കി ജില്ലയില്‍ മാത്രമേ ഓറഞ്ച് അലര്‍ട്ടിന് തുല്യമായ മഴ ലഭിച്ചിട്ടുള്ളൂ. മറ്റ് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടിന്‍റെ പരിധിയില്‍ മഴ ലഭിച്ചു.
  • ആഗസ്റ്റ് 12

    2018

    സംസ്ഥാനത്തിന്‍റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാനം സന്ദര്‍ശിച്ചു.

    • 8048 കോടി രൂപയുടെ കേന്ദ്രസഹായത്തിനായി കേരളം മെമ്മോറാണ്ടം സമര്‍പ്പിക്കുകയും 400 കോടി രൂപയുടെ സഹായം ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്ക് അടിയന്തര സഹായമായി 100 കോടി രൂപ പ്രഖ്യാപിച്ചു.
    • ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അനുബന്ധമായ അറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്കും നല്‍കി.
    • റെഡ് അലര്‍ട്ട് പ്രവചിക്കപ്പെട്ടെങ്കിലും ഒരു ജില്ലയില്‍ മാത്രമേ മഞ്ഞ അലര്‍ട്ടിലുള്ള മഴ ലഭിച്ചുള്ളൂ. മറ്റ് ജില്ലകളില്‍ ഗ്രീന്‍ പരിധിയിലെ മഴയാണ് ലഭിച്ചത്.
  • ആഗസ്റ്റ് 13

    2018

    ഇടുക്കിയിലും വയനാടും റെഡ് അലര്‍ട്ടും ആലപ്പുഴയിലും എറണാകുളത്തും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും ഗ്രീന്‍ അലെര്‍ട്ടും പ്രഖ്യാപിച്ചു.

    • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നിടങ്ങളില്‍ പക്ഷേ, അതിനുമാത്രമായ മഴ ലഭിച്ചില്ല.
  • ആഗസ്റ്റ് 14

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

    • പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും മത്സ്യത്തൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സുഗമമായ സേവനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
    • സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ളസംഭാവനകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി.
    • ഇടുക്കിയിലും കോഴിക്കോട്ടും റെഡ് അലര്‍ട്ടും ആലപ്പുഴയിലും എറണാകുളത്തും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു.
    • റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരുന്നിടങ്ങളില്‍ പക്ഷേ, അതിനുമാത്രമായ മഴ ലഭിച്ചില്ല.
    • പൊതുപോര്‍ട്ടലായ സലൃമഹമൃലരൌല.ശി ലേക്ക് സഹായം അഭ്യര്‍ഥിച്ചുള്ള കോളുകളുടെ തിരക്കായിരുന്നു. ഇതിലുള്ള വിവരങ്ങള്‍ സംസ്ഥാന എമര്‍ജന്‍സി ഓപറേഷന്‍സ് സെന്‍റര്‍ പ്രാദേശികതലത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൈമാറുകയും അതുവഴി സ്ഥലം കണ്ടെത്താന്‍ രക്ഷാ ദൗത്യത്തിനിറങ്ങിയവര്‍ക്ക് പെട്ടെന്ന് കഴിയുകയും ചെയ്തു.
    • രക്ഷാ ദൗത്യത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവാന്‍ തയ്യാറായ സന്നദ്ധപ്രവര്‍ത്തകരുടെ വിശദാംശങ്ങളും ഈ പൊതുപോര്‍ട്ടലില്‍ രേഖപ്പെടുത്തി.
  • ആഗസ്റ്റ് 15

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

    • ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും ആലപ്പുഴയിലും എറണാകുളത്തും ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
    • നാല് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെങ്കിലും എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിനനുസരിച്ചുള്ള മഴ ലഭിച്ചു. തത്ഫലമായി എല്ലാ ജില്ലകളും വെള്ളത്തിനടിയിലായി.
    • പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരെ സഹായിക്കുന്നതിന് അധികമായി ഐ.എ.എസ് ഓഫീസര്‍മാരെ നിയോഗിച്ചു.
    • ആഗസ്റ്റ് ഒന്‍പത് മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഉച്ചാവസ്ഥയില്‍ എത്തി.
    • കേരളത്തിലൂടെ സഞ്ചരിച്ചിരുന്നതോ, കേരളത്തില്‍ ലഭ്യമായതോ ആയ ലോറികള്‍ എല്ലാംതന്നെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനുമായി ഉപയോഗിച്ചു.
    • കെഎസ്ആര്‍ടിയുടെ വിവിധ ഡിപ്പോകളില്‍നിന്നുള്ള നൂറുകണക്കിന് ബസുകളും സംസ്ഥാനത്തുടനീളം ഉപയോഗിച്ചു.
    • സംസ്ഥാന എക്സൈസ് അക്കാദമിയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവരേയും എറണാകുളം, തൃശൂര്‍ ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു.
    • വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ എല്ലാംതന്നെ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനുമായി ഉപയോഗിച്ചു.
    • ഇടുക്കി, വയനാട്, എറണാകുളം ജില്ലകള്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ക്കു പുറമേ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനലുകളും ലഭ്യമാക്കി.
  • ആഗസ്റ്റ് 16

    2018

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കി. സമയബന്ധിതമായ ആശ്വാസ നടപടികളുടെ മേല്‍നോട്ടത്തിനായി ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഓണം ആഘോഷങ്ങള്‍ ഒഴിവാക്കി.

    • ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും ആലപ്പുഴയിലും എറണാകുളത്തും ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
    • സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മാനദണ്ഡ പ്രകാരം ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കുന്നതിന് പുറമേ എസ്.ഡി.ആര്‍.എഫിന്‍റെ കീഴില്‍ സഹായം നല്‍കുന്ന വ്യവസ്ഥകളില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം ഓരോ കുടുംബത്തിനും 6200 രൂപകൂടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
    • മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
    • ഗ്രാമീണ പഞ്ചായത്തുകള്‍ / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ച്, ദുരിതബാധിതരുടെ കേടുപാടുകള്‍ സംഭവിക്കുകയോ നശിക്കപ്പെടുകയോ ചെയ്ത രേഖകള്‍, ഒരു ഫീസും ഈടാക്കാതെ സമയബന്ധിതമായി വിതരണം ചെയ്യാന്‍ തീരുമാനം. ഒരു ഫീസും വാങ്ങാതെ പുതിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനും പ്രത്യേക അദാലത്ത് സംഘടിപ്പിക്കും.
    • മണ്ണിടിച്ചിലില്‍ ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സൗജന്യ മെഡിക്കല്‍ സഹായം ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    • രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിതര്‍ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മുതിര്‍ന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു. എമര്‍ജന്‍സി ഓപറേഷന്‍ സെല്ലിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇവര്‍ സഹായിക്കും.
    • ജില്ലാ തലങ്ങളിലും എമര്‍ജന്‍സി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു.
    • ഡിസാസ്റ്റര്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് 14 ജില്ലകള്‍ക്കും അധിക ഫണ്ട് അനുവദിച്ചു.
  • ആഗസ്റ്റ് 17

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ രാവിലെയും വൈകിട്ടും വിലയിരുത്തി, ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി..

    • പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ വകുപ്പിന് നല്‍കി.
    • ഫിഷറീസ് വകുപ്പിന്‍റെ ബോട്ടുകള്‍, മീന്‍പിടുത്തക്കാരുടെ ബോട്ടുകളും സേവനങ്ങളും, വിനോദ സഞ്ചാര വകുപ്പിലെ ബോട്ടുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
    • ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളുകളില്‍നിന്ന് ഒഴിവാക്കി, കണ്‍വന്‍ഷന്‍ സെന്‍ററുകളിലും കല്ല്യാണമണ്ഡപങ്ങളിലും ആരംഭിക്കാനുള്ള സാധ്യത ജില്ലാ കളക്ടര്‍മാര്‍ ആരായണം.
  • ആഗസ്റ്റ് 18

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ ഇടയ്ക്കിടെ അവലോകനം ചെയ്ത് ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി..

    • ദുരിതബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഭക്ഷണപ്പൊതികളും മറ്റ് ആവശ്യങ്ങളും ലഭ്യമാക്കുന്നതിന് ഹെലികോപ്ടറുകളും ബോട്ടുകളും വാടകയ്ക്ക് എടുക്കേണ്ടതിന്‍റെ ഉത്തരവാദിത്വം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി.
    • കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
    • സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രളയബാധിത പ്രദേശങ്ങള്‍ നേരിട്ട് കാണാനുമായി പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ പ്രളയബാധിതപ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി.
    • പ്രാഥമിക കണക്കെടുപ്പ് പ്രകാരം 19,512.57 കോടിയുടെ നഷ്ടം സംഭവിച്ചതായി സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരിനോട് 2,000 കോടിയുടെ അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ ദുരന്തനിവാരണ ഫണ്ടിലേക്ക് കേന്ദ്രസര്‍ക്കാര്‍ 500 കോടിയുടെ അടിയന്തരസഹായം അനുവദിച്ചു.
  • ആഗസ്റ്റ് 19

    2018

    തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലും തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കേന്ദ്രങ്ങളിലും എത്തിയ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണത്തിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ ഐഎഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) മാരെ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.

    • തിരുവനന്തപുരം അന്തര്‍ദേശീയ വിമാനത്താവളത്തിലും തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലെ കേന്ദ്രങ്ങളിലും എത്തിയ ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണത്തിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കാന്‍ ഐഎഎസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (തെരഞ്ഞെടുപ്പ്) മാരെ ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു.
    • ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ ഉപയോഗിച്ച് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ക്യാമ്പുകളില്‍ സേവനത്തിന് നഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പി.ജി. വിദ്യാര്‍ഥികള്‍ എന്നിവരുടെ എണ്ണം ആവശ്യത്തിനുണ്ടെന്നും ഉറപ്പാക്കാന്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
    • നഴ്സുമാര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കാനും ആവശ്യമെങ്കില്‍ ആറ് ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരെ പഞ്ചായത്ത് തലത്തില്‍ നിയോഗിച്ച് ക്ലീനിങ് ജോലികള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പഞ്ചായത്തുതല ആക്ഷന്‍പ്ലാന്‍ തയാറാക്കാനും അനുമതി.
    • അവശ്യമരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍, ആന്‍റി സ്നേക് വെനം, എന്നിവ ആവശ്യത്തിന് സംഭരിച്ചുവയ്ക്കാന്‍ കേരള മെഡിക്കല്‍ സപ്ലൈസി (കെഎംഎസ്.സി) നോടു നിര്‍ദേശിച്ചു. ഇവ സംഭരിക്കാനായുള്ള സൗകര്യം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഒരുക്കാനും ആവശ്യപ്പെട്ടു.
    • ജില്ലകളിലെ മെഡിക്കല്‍ ക്യാമ്പുകളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പുവരുത്തണം. മെഡിക്കല്‍ കോളേജുകളിലെ ഫാക്കല്‍റ്റി, പിജി വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കണം.
    • വെള്ളപ്പൊക്കം മൂലം പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ആഗസ്റ്റ് 31ന് മുമ്പ് ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
    • വിദ്യാഭ്യാസ വകുപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അതത് സ്കൂളുകള്‍ മുഖേന സെപ്തംബര്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം.
    • വെള്ളപ്പൊക്കത്താല്‍ തകര്‍ന്നതും അപകടസാധ്യതയുള്ളതുമായ സ്കൂളുകള്‍ തിരിച്ചറിയുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും ജില്ലാ / സബ്-ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. പിടിഎകളുടെ സഹായത്തോടെ ഇത് ചെയ്യണം.
  • ആഗസ്റ്റ് 20

    2018

    പ്രളയബാധിതമായ ഗ്രാമപ്രദേശങ്ങള്‍ക്ക് 25,000 രൂപയും മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 50,000 രൂപയും വീതം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു.

    • മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കാനും സംസ്ഥാനതല സ്വീകരണ, വിതരണ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യാനും നിയോഗിച്ചു.
    • ഭാവിയില്‍ ഉണ്ടാകാവുന്ന ആസൂത്രണത്തിന് സഹായകമാകാനായി സ്കൂളുകളില്‍ ഏതുതലംവരെ വെള്ളംപൊങ്ങിയെന്നത് അടയാളപ്പെടുത്താന്‍ തീരുമാനം.
    • പത്തനംതിട്ട ചാത്തങ്കരിയിലും ആലപ്പുഴ മുനിസിപ്പല്‍ സ്ക്വയറിലും 10 ബെഡ്, ലബോറട്ടറി, ഡയഗ്നോസ്റ്റികസ് സൗകര്യങ്ങളോടുകൂടിയ താത്കാലിക ആശുപത്രി ദക്ഷിണ വ്യോമ കമാന്‍ഡ് ആരംഭിച്ചു.
    • വിവിധ കേന്ദ്ര സേനകളിലെ മെഡിക്കല്‍ ടീമുകള്‍ ജില്ലകളിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
  • ആഗസ്റ്റ് 21

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് വിശദ നിര്‍ദേശം നല്‍കി.

    • സംസ്ഥാന ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍നിന്നും കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകള്‍ക്ക് അധികഫണ്ട് അനുവദിച്ചു.
    • ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞത് ഈ ദിവസം - 3,879 ക്യാമ്പുകളില്‍ 14,50,707 പേര്‍
    • ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളായ വിവിധ കേന്ദ്രസേനകള്‍, സംസ്ഥാന സേനകള്‍, വകുപ്പുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ആദരിക്കാന്‍ തീരുമാനിച്ചു.
  • ആഗസ്റ്റ് 22

    2018

    ക്യാമ്പുകളില്‍ നിന്ന് അവരുടെ വീട്ടിലേക്ക് മടങ്ങിപ്പോകുന്ന കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കളുടെ കിറ്റുകള്‍ നല്‍കി.

    • തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാരെ അന്തര്‍ദേശീയ തലത്തില്‍നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ കൈപ്പറ്റുന്ന ചുമതല ഏല്‍പ്പിച്ചു.
    • ദുരിതാശ്വാസ ക്യാമ്പുകളുടെ കൃത്യമായ നടത്തിപ്പിനായി പെരുമാറ്റചട്ടം സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
  • ആഗസ്റ്റ് 23

    2018

    മുഖ്യമന്ത്രി ചെങ്ങന്നൂര്‍, ചാലക്കുടി എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

    • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വിനിയോഗിച്ച് എല്ലാ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ അരി നല്‍കാന്‍ തീരുമാനം.
  • ആഗസ്റ്റ് 24

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്ത്, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 242.47 കോടിരൂപ ചെലവഴിച്ച് വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് വിതരണംചെയ്തു.

  • ആഗസ്റ്റ് 26

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രളയത്താലോ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലോ കേടുപാടുപറ്റിയ ബോട്ടുകള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അറ്റകുറ്റപണി നടത്താന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

  • ആഗസ്റ്റ് 28

    2018

    മുഖ്യമന്ത്രി സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ വകുപ്പുകള്‍ക്കും സേനകള്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍നിന്നും പിഡബ്ല്യുഡി റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മിതിക്കുമായി അധികഫണ്ട് അനുവദിച്ചു.

  • ആഗസ്റ്റ് 29

    2018

    പ്രളയബാധിത റവന്യൂ വില്ലേജുകളുടെ പട്ടിക തയാറാക്കി.

  • ആഗസ്റ്റ് 30

    2018

    തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴില്‍വരുന്ന പബ്ലിക് ഹെല്‍ത്ത് സെന്‍ററുകളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളുടെയും അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മിതിക്കുമായി ഫണ്ട് ലഭ്യമാക്കി. കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് സിഎംഡിആര്‍എഫില്‍നിന്നും ഫണ്ട് അനുവദിച്ചു.

  • ആഗസ്റ്റ് 31

    2018

    വിദേശത്തുനിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ഏറ്റുവാങ്ങുന്നത് സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കി.

  • സെപ്റ്റംബര്‍ 1

    2018

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനം സമാഹരിക്കാന്‍ ഓരോ ജില്ലയുയേും ചുമതല മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കി.

  • സെപ്റ്റംബര്‍ 3

    2018

    വീടുകള്‍ക്ക് ഉണ്ടായ നാശനഷ്ടം സംബന്ധിച്ച് ഡിജിറ്റല്‍ ക്രൗഡ് സോഴ്സ് ടെക്നിക്ക് ഉപയോഗിച്ച് ഡിജിറ്റല്‍ ഡാറ്റ തയ്യാറാക്കാനും ഭൂമിശാസ്ത്രപരമായ വിവരങ്ങളും മാപ്പുകളും ഉപയോഗിച്ച് ശാസ്ത്രീയമായി നഷ്ടത്തിന്‍റെ തോത് വിലയിരുത്താനും തീരുമാനം

    • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനംസമാഹരിക്കാന്‍ ഓരോ ജില്ലയുടേയും ചുമതല മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കൈമാറി.
  • സെപ്റ്റംബര്‍ 4

    2018

    ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിദേശത്തുനിന്നും ലഭിച്ച സാമഗ്രികള്‍ സ്വീകരിക്കാന്‍ ഉത്തരവായി.

    • രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന മത്സ്യബന്ധന ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സൗകര്യവും പണവും നല്‍കാന്‍ ഉത്തരവ്.
    • എസ്.സി/എസ്ടി, പിന്നോക്ക സമുദായങ്ങള്‍, ദുരിതബാധിത കുടുംബങ്ങള്‍ എന്നിവയ്ക്കായി ദുരിതാശ്വാസങ്ങള്‍ വിതരണം ചെയ്യുന്നതിന് വിശദമായ ഉത്തരവ് നല്‍കി.
    • ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും ഐഎഫ്സിയും സംയുക്തമായി നഷ്ടത്തിന്‍റെയും ആവശ്യകതയുടേയും വിലയിരുത്തല്‍ ആരംഭിച്ചു.
  • സെപ്റ്റംബര്‍ 5

    2018

    ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് മാറ്റുന്നതിന് ക്ലീന്‍ കേരള കമ്പനിക്ക് സംസ്ഥാന ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍നിന്നും തുക അനുവദിച്ചു.

    • സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വൈദ്യുതി പോസ്റ്റുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍, പൊതു ഗ്രന്ഥശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്‍റ് എയ്ഡഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന ജലത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന ഫലകങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം.
    • 10,000 രൂപ ലഭിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റിന് അന്തിമരൂപം. പരുക്കേറ്റവര്‍ക്കുള്ള പരാതി പരിഹാര സംവിധാനവും ഈ ഉത്തരവില്‍ പ്രഖ്യാപിക്കപ്പെട്ടു.
  • സെപ്റ്റംബര്‍ 6

    2018

    വീടുകളും ഭൂമിയും ഉപയോഗിക്കാന്‍ കഴിയാത്തവിധം നഷ്ടമായ കുടുംബങ്ങളെകണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്, ഒരു കുടുംബത്തിന് മൂന്ന് മുതല്‍ അഞ്ച് സെന്‍റ് ഭൂമിവരെ കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം. ഭൂമിയുടെ ലഭ്യത കുറവാണെങ്കില്‍ ഫ്ളാറ്റ് നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കണം.

  • സെപ്റ്റംബര്‍ 6

    2018

    വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച പ്രദേശങ്ങളുടെ ഡിജിറ്റല്‍ മാപ്പിങ് പ്രോട്ടോകോള്‍ പുറപ്പെടുവിച്ചു. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ജലവിഭവ വികസന മാനേജ്മെന്‍റ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സസ്, എംജി സര്‍വകലാശാല, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് സെന്‍റര്‍ എന്നീ ദേശീയ ഏജന്‍സികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

    • നഷ്ടപ്പെടുകയോ കേടുസംഭവിക്കുകയോ ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് നല്‍കുന്നതിന് ഒരു ഫീസും ഈടാക്കരുതെന്ന് നിര്‍ദ്ദേശം. (ജിഒ (ആര്‍ടി) നം. 21/2018/ഡിഎംഡി . 07/09/2018)
    • ദുരിതാശ്വാസക്യാമ്പുകളില്‍ പച്ചക്കറികള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നും ഹോര്‍ട്ടികോര്‍പിന് തുക അനുവദിച്ചു.
    • 10,000 രൂപയ്ക്ക് അര്‍ഹരായിട്ടുള്ള കുടുംബങ്ങള്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു. (ജിഒ (ആര്‍ടി) നം. 326/2018/ആര്‍ഇവി 07/09/2018)
  • സെപ്റ്റംബര്‍ 13

    2018

    ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 4796.35 കോടിരൂപയുടെ അധിക ധനസഹായം മെമ്മോറാണ്ടത്തിലൂടെ ആരാഞ്ഞു.

    • പ്രളയാനന്തരം വേണ്ടിവരുന്ന ആവശ്യങ്ങളുടെ വിലയിരുത്തല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ യുഎന്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചു.