കേരളം ഒരുനൂറ്റാണ്ടിനിടയിൽ കണ്ടിട്ടില്ലാത്ത മഹാപ്രളയമാണ് 2018 ആഗസ്റ്റിൽ നമ്മൾ നേരിട്ടത്. 15 ലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിനായി പതിനായിരത്തിലധികം ക്യാമ്പുകൾ തുറന്നു. ആയിരക്കണക്കിന് വീട്ടുമൃഗങ്ങൾ ചത്തൊഴുകി. വെള്ളമിറങ്ങിയപ്പോൾ ആദ്യം നേരിടേണ്ടിവന്നത് ഇവയുടെ മൃതശരീരങ്ങൾ മറവുചെയ്യുക എന്നതായിരുന്നു. മൂന്ന് ദിവസം കൊണ്ട് നമ്മളത് ചെയ്തു. പതിനയ്യായിരത്തോളം ആട് മാടുകളുടെയും ആറുലക്ഷത്തിലധികം പക്ഷികളുടെയും ജഡങ്ങൾ മാറ്റി സുരക്ഷിതമായി മറവു ചെയ്തു.
പ്രളയത്തിലെന്നപോലെ ജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒരുമിച്ചു പ്രവർത്തിച്ചു. ചെളി മാറ്റി പതിനായിരക്കണക്കിന് വീടുകൾ താമസയോഗ്യമാക്കി. ആയിരക്കണക്കിന് വോളണ്ടിയർമാർ രാപകലില്ലാതെ അധ്വാനിച്ചു. മുന്ന് ലക്ഷം കിണറുകളും എല്ലാ ജലസ്രോതസ്സുകളും അണുവിമുക്തമാക്കി. ആയിരക്കണക്കിന് ടൺ ഖരമാലിന്യങ്ങൾ നീക്കം ചെയ്തു. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പ്രളയാനന്തരമുണ്ടാവേണ്ട മാരകങ്ങളായ പകർച്ചവ്യാധികളെ നാം അതിജീവിച്ചു. 25 ലക്ഷം വൈദ്യുതി ബന്ധങ്ങൾ വളരെ സുരക്ഷിതമായി പുനഃസ്ഥാപിച്ചു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഈ മേഖലയിലെ വിദഗ്ദരായ മലയാളികൾതന്നെ പുത്തൻ ആശയങ്ങൾ തന്നു. ഈ പ്രവർത്തനത്തിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വോളണ്ടിയർമാർ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇവ പരിശോധിച്ച് എൻജിനീയർമാർ പുനർനിർമ്മാണത്തിനു അനുമതി നൽകുന്നു. വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ആടുമാടുകളെ നഷ്ടപ്പെട്ടു ഉപജീവനം നഷ്ടപ്പെട്ടവർക്കു സഹായമെത്തിക്കാനും ശ്രമം നടന്നു . സമാന്തരമായി പുനരധിവാസ പാക്കേജുകൾ തയ്യാറാക്കി . 7,37,484 കുടുംബങ്ങൾക്ക് അടിയന്തിര സഹായം നല്കി. മൂന്ന് ലക്ഷം കർഷകർക്ക് 200 കോടി രൂപയുടെ ആശ്വാസ സഹായം നൽകി. കന്നുകാലികൾ നഷ്ടപെട്ട 27363 കുടുംബങ്ങൾക്ക് 21.70 കോടി രൂപ സഹായധനം എത്തിച്ചു.
കേരളം അതിജീവിക്കുകയാണ്, ദൃഢനിശ്ചയത്തോടെ തന്നെ ഉയർത്തെഴുനേൽക്കുകയാണ്.
പ്രളയ ദുരിതാശ്വാസ സംബന്ധമായ സർക്കാർ ഉത്തരവുകൾ
പ്രളയ ദുരിതാശ്വാസം ഉത്തരവുകളും സഹായ പദ്ധതികളും